മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനുമേല്‍ (എപിഎസ്സി) ഏര്‍പ്പെടുത്തിയ നിരോധനവും തുടര്‍ന്ന് ആ നടപടി പിന്‍വലിച്ചതും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അസഹിഷ്ണുതയും കാപട്യവും വെളിപ്പെടുത്തുന്നു. ഡോ. ബി ആര്‍ അംബേദ്കറെന്ന പ്രശസ്ത നേതാവിന്റെ പൈതൃകം കൈവശപ്പെടുത്താന്‍ അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തെ ആര്‍എസ്എസും ബിജെപിയും ഉപയോഗപ്പെടുത്തവെയാണ് ഈ സംഭവം. ഇതിനായി അവര്‍ ചരിത്രത്തെയും വസ്തുതകളെയും വക്രീകരിച്ച് ഡോ. അംബേദ്കര്‍ ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ആര്‍എസ്എസ് ആരാധകനായിരുന്നെന്നും തട്ടിവിടുകയാണ്.
ജാതിവ്യവസ്ഥയെ ജീവിതത്തിലുടനീളം എതിര്‍ത്ത വ്യക്തിയാണ് അംബേദ്കര്‍. ജാതിവ്യവസ്ഥയെ അദ്ദേഹം ബ്രാഹ്മണിസമായാണ് തിരിച്ചറിഞ്ഞത്. ഈ മര്‍ദിതസാമൂഹ്യക്രമത്തിന്റെ ഉറവിടം മനുസ്മൃതിയാണെന്നും അദ്ദേഹം പറഞ്ഞു. 1936ല്‍ പ്രസിദ്ധീകരിച്ച "ജാതി ഉന്മൂലനം' എന്ന അദ്ദേഹത്തിന്റെ കൃതി ജാതിവ്യവസ്ഥയും ബ്രാഹ്മണക്രമവും ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ജാതിവ്യവസ്ഥയ്ക്കെതിരെ അന്തിമമായി പൊരുതാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദുമതത്തോടുതന്നെ വിടചൊല്ലി അനുയായികള്‍ക്കൊപ്പം അദ്ദേഹം ബുദ്ധമതത്തെ പുല്‍കുകയും ചെയ്തു.
എന്നാല്‍, അംബേദ്കര്‍ നടത്തിയ ആശയപരവും സാമൂഹ്യവുമായ സമരങ്ങളെ വളച്ചൊടിച്ച്, യഥാര്‍ഥത്തില്‍ അദ്ദേഹം നിലകൊണ്ടത് ഹിന്ദുമതത്തില്‍നിന്നുകൊണ്ടുതന്നെ അയിത്തവും ഉച്ചനീചത്വങ്ങളും അവസാനിപ്പിച്ച് ഹിന്ദുമതത്തെ പരിഷ്കരിക്കാനാണെന്ന പൊള്ളത്തരം പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ഇന്ന് ശ്രമിക്കുന്നത്്. അദ്ദേഹം ബുദ്ധമതക്കാരനായി എന്നതുപോലും മറ്റൊരു രീതിയില്‍ ഹിന്ദുമതം പിന്തുടരാനുള്ള ശ്രമമായാണ് ചിത്രീകരിക്കപ്പെടുന്നത്.
ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യം ഡോ. അംബേദ്കര്‍ കമ്യൂണിസ്റ്റുകാരുടെ ശത്രുവായിരുന്നുവെന്നും കമ്യൂണിസത്തെ കൊടുംപകയോടെ എതിര്‍ത്തിരുന്നുവെന്നുമാണ്. ഇതിനായി അവര്‍ അംബേദ്കറുടെ പ്രസംഗത്തില്‍നിന്നും എഴുത്തുകളില്‍നിന്നും തെരഞ്ഞുപിടിച്ച് ചില ഉദ്ധരണികളും അവതരിപ്പിക്കാറുണ്ട്. എന്നാല്‍, അംബേദ്കറെ സമഗ്ര വായനയ്ക്ക് വിധേയമാക്കുന്ന പക്ഷം, അദ്ദേഹം കാള്‍ മാര്‍ക്സിന്റെ പല ആശയങ്ങളോടും കാഴ്ചപ്പാടുകളോടും യോജിപ്പുള്ളയാളാണെന്ന് കണ്ടെത്താനാകും. എന്നാല്‍, അദ്ദേഹം ഒരിക്കലും വര്‍ഗസമരമെന്ന സിദ്ധാന്തത്തെ അനുകൂലിച്ചില്ല. അംബേദ്കറുടെ ആശയങ്ങളും വിചാരഗതികളും പരിശോധിച്ചാല്‍ അദ്ദേഹം ഒരു ലിബറല്‍ സമൂഹ്യവീക്ഷണമുള്ള സോഷ്യല്‍ ഡെമോക്രാറ്റാണെന്നു കാണാം.
അംബേദ്കര്‍ ഹിന്ദുത്വത്തെ വെറുത്തിരുന്നു. ഇസ്ലാമിക രാഷ്ട്രത്തെ എന്നപോലെതന്നെ ഹിന്ദുരാഷ്ട്രമെന്ന ആശയത്തെയും അദ്ദേഹം എതിര്‍ത്തു. അംബേദ്കര്‍ ഒരിക്കല്‍ പറഞ്ഞു- "ഹിന്ദുരാജ് യാഥാര്‍ഥ്യമായാല്‍ രാജ്യത്തിന്റെ നാശമാകും ഫലം. ഹിന്ദുക്കള്‍ എന്തുതന്നെ ധരിച്ചാലും ശരി ഹിന്ദൂയിസം സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയാണ്. ഈ അര്‍ഥത്തില്‍ അതിന് ജനാധിപത്യത്തോടും വെറുപ്പാണ്. എന്തുവിലകൊടുത്തും ഹിന്ദുരാജിനെ തടയണം.' മതനിരപേക്ഷ ഇന്ത്യന്‍ ദേശീയതയ്ക്കുവേണ്ടിയാണ് അംബേദ്കര്‍ എന്നും നിലകൊണ്ടത്. അതാകട്ടെ, ഹിന്ദുത്വത്തിന് നേര്‍വിപരീതവുമാണ്.
ഹിന്ദുത്വവാദികളുടെ പുരുഷാധിപത്യ-സവര്‍ണജാതി-സങ്കുചിത ദേശീയവാദ വീക്ഷണഗതികള്‍ പല രൂപത്തിലും പല പ്രദേശങ്ങളിലും പല സമയങ്ങളിലായി തലപൊക്കിയിട്ടുണ്ടെന്ന് കാണാം. നരേന്ദ്രമോഡിയുടെ അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പര്യടന വേളയില്‍പോലും ഈ വീക്ഷണം ഉയരുകയുണ്ടായി. "വനിതയായിട്ടും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ്് ഹസീന ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്' എന്നായിരുന്നു മോഡിയുടെ പരാമര്‍ശം. സ്ത്രീകളെക്കുറിച്ചുള്ള മോഡിയുടെ യഥാര്‍ഥ ചിന്താഗതിയിലേക്ക് (അവര്‍ ദുര്‍ബലകളും തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുമാണ്) വെളിച്ചം വീശുന്നതാണ് ഈ പരാമര്‍ശം. ഷേഖ് ഹസീന ഇതിന്് ഒരപവാദമാണ് എന്നാണ്് ഈ പരാമര്‍ശത്തിന്റെ അര്‍ഥം.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കുറച്ചുനാള്‍മുമ്പ് പറഞ്ഞത് ബലാത്സംഗങ്ങള്‍ ഭാരതത്തിലല്ല മറിച്ച് ഇന്ത്യയില്‍മാത്രമാണ് നടക്കുന്നതെന്നാണ്. ഹിന്ദുസ്ത്രീകളുടെ അവകാശങ്ങളും പദവിയും ഉയര്‍ത്തുന്നതിനായി ഡോ. അംബേദ്കര്‍ കൊണ്ടുവന്ന ഹിന്ദുകോഡ് ബില്ലിനെ ശക്തമായി എതിര്‍ത്തത് ഹിന്ദു യാഥാസ്ഥിതികരും ആര്‍എസ്എസും ഹിന്ദുമഹാസഭയുംപോലുള്ള പുരുഷാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളും ശക്തികളുമായിരുന്നു. ഈ ബില്‍ ഭരണഘടനാ നിര്‍മാണസഭയില്‍ പരാജയപ്പെട്ടപ്പോള്‍ അംബേദ്കര്‍ മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു. ആര്‍എസ്എസും അംബേദ്കറും തമ്മിലുള്ള വ്യത്യാസം ഇതാണ്. തീര്‍ച്ചയായും ഇത്തരം പുരുഷാധിപത്യ- സ്ത്രീവിരുദ്ധ- പിന്തിരിപ്പന്‍ സമീപനങ്ങള്‍ ക്രിസ്ത്യന്‍- മുസ്ലിം തുടങ്ങിയ മറ്റ് മതങ്ങളിലെ യാഥാസ്ഥിതിക മതമൗലികവാദികളിലും കാണാം.
മദ്രാസ് ഐഐടിയിലേക്കുതന്നെ തിരിച്ചുവരാം. ഐഐടി അധികൃതര്‍ എപിഎസ്സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സര്‍ക്കിളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഊരുംപേരുമില്ലാത്ത ഒരു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്. ഈ പരാതിയിന്മേല്‍ നിങ്ങള്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയം ചോദിച്ചിരുന്നു. മോഡി സര്‍ക്കാരിനെയും അതിന്റെ കാവിവല്‍ക്കരണനയങ്ങളെയും എപിഎസ്സി വിമര്‍ശിച്ചതിനെതിരെയായിരുന്നു പരാതി. ഐഐടി അധികൃതര്‍ എപിഎസ്സിയെ നിരോധിച്ച നടപടിക്കെതിരെ വിദ്യാര്‍ഥികളില്‍നിന്നും അക്കാദമിക സമൂഹത്തില്‍നിന്നും രാഷ്ട്രീയ പാര്‍ടികളില്‍നിന്നും പൊതുസമൂഹത്തില്‍നിന്ന് പൊതുവിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. വലതുപക്ഷ, ആര്‍എസ്എസ് ആഭിമുഖ്യമുള്ള സംഘടനകളെ എന്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഐഐടി അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. അവസാനം ഐഐടിക്ക് അവരുടെ നടപടി പിന്‍വലിക്കേണ്ടിവരികയും എപിഎസ്സിക്കുള്ള അംഗീകാരം പുനഃസ്ഥാപിക്കേണ്ടിവരികയും ചെയ്തു. ആര്‍എസ്എസും ഹിന്ദുത്വശക്തികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന വസ്തുത നിലനില്‍ക്കെ ഇത് ചെറിയൊരു വിജയമാണെന്ന് നിസ്സംശയം പറയാം.
നേരത്തെ, ഡല്‍ഹി ഐഐടി സ്റ്റുഡന്റ്സ്് ഹോസ്റ്റലുകളില്‍ പച്ചക്കറി ഭക്ഷണം മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് തീരുമാനിച്ചിരുന്നു. സര്‍വകലാശാലാ തലത്തിലുള്ള കരിക്കുലത്തില്‍ ശാസ്ത്രവിഷയങ്ങളുടെ സ്ഥാനത്ത് വേദശാസ്ത്രം പഠിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ഹിന്ദുശാസ്ത്രത്തെ മഹത്വവല്‍ക്കരിക്കുന്നതിലൂടെ സമൂഹത്തെ പുരുഷാധിപത്യ- ജാതിവര്‍ണവ്യവസ്ഥയിലേക്ക് മടക്കിക്കൊണ്ടുപോകുക എന്നത് ഹിന്ദുത്വ തത്വശാസ്ത്രത്തിന്റെ ഭാഗമാണ്. യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ, അംബേദ്കറുടെ സാമൂഹ്യനീതി സംബന്ധിച്ച കാഴ്ചപ്പാടിനെയാകെ അട്ടിമറിച്ച്് അദ്ദേഹത്തിന്റെ പൈതൃകം കവരാന്‍ ആര്‍എസ്എസ് നടത്തുന്ന ഈ കപടനീക്കം തിരിച്ചറിയാതെ പോകരുത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്നതാണ് ഈ ചെറിയ വിജയം നല്‍കുന്ന സന്ദേശം